Kerala
lijin lal

ലിജിന്‍ ലാല്‍

Kerala

തണ്ടൊടിഞ്ഞ് താമര; ചിത്രത്തിൽ പോലുമില്ലാതെ ബി.ജെ.പി

Web Desk
|
8 Sep 2023 7:22 AM GMT

പോസ്റ്റൽ വോട്ടുകൂടാതെ 6447 വോട്ടാണ് ലിജിൻ ലാലിന് കിട്ടിയത്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ ബി.ജെ.പി സ്ഥാനാർത്ഥി ലിജിൻ ലാൽ. തുടക്കം മുതൽ തന്നെ പിന്നിലായിപ്പോയ ബി.ജെ.പി ആയിരം വോട്ടു കടക്കാൻ ഒന്നര മണിക്കൂർ കാക്കേണ്ടി വന്നു. പോസ്റ്റൽ വോട്ടുകൂടാതെ 6447 വോട്ടാണ് ലിജിൻ ലാലിന് കിട്ടിയത്.

കഴിഞ്ഞ തവണ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥി എൻ ഹരിക്ക് 11694 വോട്ടാണ് കിട്ടിയിരുന്നത്. ഇത്തവണ അഞ്ചു ശതമാനം വോട്ടിന്‍റെ കുറവാണ് എൻ.ഡി.എയ്ക്ക് ഉണ്ടായിട്ടുള്ളത്. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ പോലെ തന്നെ ഇത്തവണ കാടടച്ച പ്രചാരണമാണ് ബി.ജെ.പിയും നടത്തിയിരുന്നത്. എന്നാൽ ചാണ്ടി ഉമ്മന്‍റെ തേരോട്ടത്തിനിടയിൽ ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷൻ കൂടിയായ ലിജിൻ ലാൽ പൂർണമായും അപ്രസക്തനായി.

അതിനിടെ, ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ് കോൺഗ്രസ് ജയിച്ചതെന്ന് സി.പി.എം ആരോപിച്ചു. ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയതായി സംശയിക്കുന്നുണ്ടെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. ബി.ജെ.പി പെട്ടി കാലിയാണ്, ആ വോട്ട് എങ്ങോട്ട് പോയി എന്നാലോചിക്കണമെന്ന് പാർട്ടി നേതാവ് ഇ.പി ജയരാജനും പ്രതികരിച്ചിരുന്നു.

Similar Posts