എൽഡിഎഫ് പത്രപ്പരസ്യം മതനിരപേക്ഷതയെ തകർക്കുന്നത്, പരസ്യത്തിന് പണം നൽകിയത് ബിജെപി; സന്ദീപ് വാര്യർ
|പരസ്യത്തിലുള്ളത് ഫാക്ട് ചെക്കിങ് ടീം വ്യാജമെന്ന് കണ്ടെത്തിയ സ്ക്രീൻ ഷോട്ടാണെന്നും സന്ദീപ് വാര്യർ
പാലക്കാട്: നിശബ്ദ പ്രചാരണത്തിന് സിപിഎം തെരഞ്ഞെടുത്ത രീതി കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകളെ തകർക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പ് തലേന്ന് മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിൽ എല്‍ഡിഎഫ് പരസ്യം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിഷം വമിപ്പിക്കുന്നതായിട്ടുള്ളൊരു രീതിയാണിത്. വടകരയിൽ സ്വീകരിച്ചിട്ടുള്ള കാഫിർ സ്ക്രീൻഷോട്ടിന് സമാനമോ അല്ലെങ്കിൽ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപിയാണ്. വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ്. അവിടുന്നല്ലെ ഞാൻ പോന്നത്. പാലക്കാട്ടെ കാര്യത്തിൽ സിപിഎം എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വർഗീയമായിട്ടുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയും'- സന്ദീപ് വാര്യര്‍ പറഞ്ഞു.
' ഇനി പരസ്യം തന്നെ വ്യാജമാണ്. ഫാക്ട് ഫൈൻഡിങ് ടീം അത് വ്യാജമായ സ്ക്രീൻഷോട്ടാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മനോരമയുടെ ഒരു ചർച്ചയിൽ സിപിഎം നേതാവ് സ്വരാജ് നടത്തിയ പരാമർശം അദ്ദേഹത്തെ കളിയാക്കാൻ വേണ്ടി അതേ ചർച്ചയിൽ തന്നെ ഞാന്‍ പറഞ്ഞതാണ്, അതും എന്റെ തലയില്‍ ആരോപിച്ചുകൊണ്ടാണ് ആ പരസ്യം കൊടുത്തിട്ടുള്ളത്'- സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
Watch Video Report