'മികച്ച സ്ഥാനാർഥി'; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ
|ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.
കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.
'കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന് പോലും സമ്മതിച്ചു' എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്.
എന്നാൽ, ജയരാജനെ തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.
ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.
ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രംഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.