റഷ്യയുടെ ലൂണ താഴെ വീണു, ഗണപതിയെ പൂജിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ അയച്ച ചന്ദ്രയാൻ വിജയിക്കും: കെ സുരേന്ദ്രൻ
|പുതുപ്പള്ളിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍.
കോട്ടയം: റഷ്യയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു, എന്നാൽ ഗണപതിയെ പൂജിച്ച് അയച്ച ഇന്ത്യയുടെ പേടകം ചന്ദ്രനിൽ കാലു കുത്തുക തന്നെ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുതുപ്പള്ളിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു മതത്തെയും സ്വന്തം മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും വാനോളം പുകഴ്ത്തുന്ന നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഗണപതി മിത്താണെന്ന് പറയുന്നു. റഷ്യയുടെ ബഹിരാകാശ പേടകം ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു. എന്നാൽ നമ്മുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലു കുത്തുക തന്നെ ചെയ്യും. കാരണം ഗണപതി ഹോമം നടത്തിയും നാളികേരം ഉടച്ചുമാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തത് എന്നും സുരേന്ദ്രൻ പറഞ്ഞു.
ദെെവത്തിന്റെ സ്വന്തം നാടാണ് കേരളം. ലോകത്തുളള എല്ലാ മലയാളികളും ജാതി മത രാഷ്ട്രീയ മറ്റു പരിഗണനകൾ ഇല്ലാതെ ഓണം ആഘോഷിക്കാൻ ഓരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത അവസ്ഥയാണ്. ആ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചു. കുടുക്ക പൊട്ടിച്ച് സപ്ലൈക്കോയില്‍ പോയാലും അവിടെ സാധനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മാസപ്പടി വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഭായ് ഭായ്, മച്ചാ മച്ചാ ബന്ധം. സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് കാവലിരിക്കുന്ന ഭൂതമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാറി കഴിഞ്ഞു. ഇത്ര വലിയ അഴിമതി പുറത്തുവന്നിട്ടും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാത്തത് അത്ഭുതകരമാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മോദി സർക്കാർ കാരണമാണ് ഇന്നും കേരളത്തിൽ ട്രഷറികൾ പൂട്ടാത്തതും കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയുന്നതും. മോദി ഉളളതു കൊണ്ടാണ് പാവപ്പെട്ടവനു അഞ്ച് കിലോ അരി കൊടുക്കാൻ കഴിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.