എച്ച്.ആർ.ഡി.എസുമായി സംഘപരിവാർ സംഘടനകൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി; നിഷേധിച്ച് എച്ച്.ആർ.ഡി.എസ് അധികൃതർ
|എച്ച്.ആർ.ഡി.എസിന്റെ സെക്രട്ടറി അജീ കൃഷ്ണ നേരത്ത എസ്എഫ്‌ഐ നേതാവായിരുന്നെങ്കിലും ഇപ്പോൾ മോദി ഭക്തനാണ്
പാലക്കാട്: സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസുമായി സംഘപരിവാർ സംഘടനകൾക്ക് ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ . എന്നാൽ സംഘപരിവാർ പ്രവർത്തകരാണ് എച്ച്.ആർ.ഡി.എസിന്റെ പ്രധാന നടത്തിപ്പുകാരെന്ന് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജീ കൃഷ്ണൻ പറഞ്ഞു.
സംഘപരിവാർ അനുഭാവം പുലർത്തുന്ന എച്ച്.ആർ.ഡി.എസ് നിരവധി വിവാദങ്ങളിൽ അകപെട്ടിട്ടുണ്ട്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചത്, ഗുണനിലവാരം ഇല്ലാത്ത വീട് നിർമ്മിച്ചത്, ആദിവാസി ഊരുകളിൽ അനധികൃത മരുന്ന് വിതരണം തുടങ്ങി നിരവധി ആക്ഷേപങ്ങൾ എച്ച്. ആർ.ഡി.എസിനെതിരെയുണ്ട്. പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ എച്ച്.ആർ.ഡി.എസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കലക്ടർ ഉൾപെടെ എച്ച്.ആർ.ഡി.എസിന്റെ പ്രവർത്തനത്തിലെ നിയമപ്രശ്‌നങ്ങൾ ചൂണ്ടികാട്ടി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് സ്വപ്നയുമായി ബന്ധപെട്ട ഗൂഢാലോചനയിലും എച്ച്.ആർ.ഡി.എസിന് പങ്ക് ഉണ്ടെന്ന ആരോപണം ഉയരുന്നത്. അതോടെ തങ്ങൾക്ക് എച്ച്.ആർ.ഡി.എസുമായി ബന്ധമില്ലെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്.
എന്നാൽ സംഘപരിവാർ അനുഭാവം ഉള്ളവരാണ് തങ്ങളെന്ന് പറയാൻ എച്ച്.ആർ.ഡി.എസ് അധികൃതർക്ക് മടിയില്ല. എച്ച്.ആർ.ഡി.എസിന്റെ സെക്രട്ടറി അജീ കൃഷ്ണ നേരത്ത എസ്എഫ്‌ഐ നേതാവായിരുന്നെങ്കിലും ഇപ്പോൾ മോദി ഭക്തനാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ ബിജു കൃഷ്ണൻ തൊടുപുഴ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. എ.ബി.വി.പിയുടെ സംഘടന സെക്രട്ടറിയും ആർ.എസ്.എസ് നേതാവുമായിരുന്ന കെ.ജി വേണുഗോപാലാണ് എച്ച്.ആർ.ഡി.എസ് വൈസ് പ്രസിഡന്റ് . സ്വപ്ന വാർത്ത സമ്മേനത്തിനിടെ കുഴഞ്ഞ് വീണ ദിവസം കെ.ജി വേണുഗോപാൽ എച്ച്.ആർ.ഡി.എസ് ഓഫീസിലുണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് സംഘ് പരിവാറിനും എച്ച്.ആർ.ഡി.എസ് നും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം ഇടതുപക്ഷം ഉയർത്തുന്നത്. വിവാദങ്ങൾക്കിടയിലും സ്വപ്നക്ക് ബോഡിഗാർഡുകളെ ഉൾപെടെ നിയോഗിച്ച് എല്ലാ സംരക്ഷണവും എച്ച്.ആർ.ഡി.എസ് നൽകി വരുന്നു.