അതിവേഗ റെയിൽപാത; പാലക്കാടിനെ ഒഴിവാക്കിയെന്ന് പരിഭവം, ബി.ജെ.പി നേതാവിന്റെ പോസ്റ്റിന് ട്രോൾമഴ
|ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്
തിരുവനന്തപുരം: അതിവേഗ റെയിൽപാതയിൽ നിന്നും പാലക്കാടിനെ ഒഴിവാക്കിയെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി ട്രോളൻമാർ. കെ- റെയിൽ വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് എന്നനിലയിലാണ് വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ സിൽവർ ലൈനിനെ കുറിച്ച് വിശദാംശങ്ങൾ വരുന്നതിന് മുമ്പാണ് പോസ്റ്റിട്ടതെന്നും കാര്യങ്ങൾ മനസിലാക്കാതെയാണ് തന്നെ ട്രോളുന്നതെന്നും സി.കൃഷ്ണകുമാർ പ്രതികരിച്ചു.
ബി.ജെ.പി പ്രവർത്തകരും നേതാക്കളും കെ- റെയിൽ വിരുദ്ധ സമരം നടത്തിയും കുറ്റിപറിച്ചും നടക്കുകയാണ്. അതിനിടയിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ 2020 ജനുവരി 11 ലെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നത്. അതിവേഗ റെയിൽ പദ്ധതിയിൽ നിന്നും പാലക്കാടിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവും ജില്ലയിലെ ഇടതുപക്ഷ മന്ത്രിമാരെയും എം.എൽ എമാരെയും വിമർശിക്കുന്നതുമാണ് പോസ്റ്റ്.