കള്ളപ്പണക്കേസ്: ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്തു
|വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ഉല്ലാസ് ബാബു തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം
കള്ളപ്പണക്കേസിൽ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യം ചെയ്തു. കണ്ടെടുത്ത പണം തന്റേതാണെന്നും തിരികെ വേണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജൻ ഇന്ന് വീണ്ടും കോടതിയില്‍ ഹർജി നൽകും. ഇതിനിടെ ചാത്തന്നൂർ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി സെക്രട്ടറി ഡിജിപിക്ക് പരാതി നൽകി.
വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ആയ ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പിന് ശേഷം 50 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ചെലവഴിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ധർമരാജൻ 10 കോടി രൂപ തൃശൂരിൽ എത്തിക്കുകയും അതിൽ ആറ് കോടി ബിജെപി ജില്ലാ നേതാക്കൾക്ക് നൽകി എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ 50 ലക്ഷത്തോളം രൂപ ഉല്ലാസ് ബാബുവിന് ലഭിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.
കൊടകര കള്ളപണക്കേസ് പശ്ചാത്തലത്തിൽ ചാത്തന്നൂർ മണ്ഡലത്തിലെ ബിജെപിയുടെ പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഡിസിസി സെക്രട്ടറി പരാതി നൽകി. മണ്ഡലത്തിൽ മാത്രമായി ഏഴ് കോടിയോളം രൂപ ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് സമയത്ത് നിരവധി കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾ മണ്ഡലത്തിലെത്തിയതായും പരാതി ഉണ്ട്. എല്‍ഡിഎഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ അന്വേഷണ സംഘം കണ്ടെത്തിയ പണവും വാഹനവും തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധർമ്മരാജൻ കോടതിയിൽ വീണ്ടും ഹർജി നൽകും. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക.