സിപിഎം കോട്ടകൾ കേന്ദ്രീകരിക്കാൻ ബിജെപി; ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കും
|കണ്ണൂരിന്റെയും കാസർകോടിന്റെയും ചുമതല പി.കെ കൃഷ്ണദാസിന്
തിരുവനന്തപുരം: സിപിഎം കോട്ടകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി കണ്ണൂരിന്റെയും കാസർകോടിന്റെയും ചുമതല പി.കെ കൃഷ്ണദാസിന് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കൃഷ്ണദാസ് മത്സരിക്കാനും സാധ്യതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ നീക്കത്തിനൊരുങ്ങുന്നത്. ഇന്നലെ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം. മുതിർന്ന നേതാക്കൾക്ക് ഒന്നോ രണ്ടോ ജില്ലകൾ വീതം വീതിച്ച് നൽകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പികെ കൃഷ്ണദാസ് പാർട്ടിയിലെ മുതിർന്ന നേതാവായത് കൊണ്ട് തന്നെ സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും കാസർഗോഡും ഇദ്ദേഹത്തിന് വീതിച്ചു നൽകുകയായിരുന്നു.
തലശ്ശേരിയിൽ പ്രവർത്തിച്ചുകൊണ്ട് കണ്ണൂരും കാസർഗോഡും നോക്കണം എന്നാണ് കൃഷ്ണദാസിന് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ നിന്ന് ബിജെപി കൃഷ്ണദാസിനെ മത്സരിപ്പിക്കും. കൃഷ്ണദാസ് ഇത് അംഗീകരിച്ചതായാണ് വിവരം. കണ്ണൂർ സിപിഎമ്മിലെ പടലപ്പിണക്കങ്ങളും ബിജെപി മുതലെടുത്തേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ടുകൾ കാര്യമായി ഒഴുകി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപിക്ക് കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. പരമാവധി വോട്ട് 60,000 എന്ന കണക്കിൽ തുടരവേ ഒരു ലക്ഷത്തിലധികം വോട്ടാണ് ഇത്തവണ കണ്ണൂരിൽ നിന്ന് ബിജെപി നേടിയത്. പല മണ്ഡലങ്ങളിലും വലിയ രീതിയിൽ മുന്നേറ്റമുണ്ടാക്കി.
തലശ്ശേരിയിൽ തങ്ങൾ നിശ്ചിത വോട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതിനാൽ തന്നെയാണ് കൃഷ്ണദാസിനെ ഇവിടെ നിന്ന് മത്സരിപ്പിക്കുന്നതും. ബിജെപിക്ക് സ്ഥാനാർഥി ഇല്ലാഞ്ഞതിനാൽ ഏറെ വിവാദം സൃഷ്ടിച്ച മണ്ഡലങ്ങളിലൊന്ന് കൂടിയായിരുന്നു തലശ്ശേരി. ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതാണ് തിരിച്ചടിയായത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ പഞ്ചായത്തുകളിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരിട്ടിറങ്ങി പ്രവർത്തനം ശക്തമാക്കുമെന്നാണ് നേതൃയോഗങ്ങളിൽ ഉണ്ടായ മറ്റൊരു തീരുമാനം. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഈ പഞ്ചായത്തുകളിൽ അനുസ്മരണ സമ്മേളനങ്ങൾ അടക്കം സംഘടിപ്പിക്കും.