Kerala
കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ല : അമിത് ഷാ
Kerala

കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ല : അമിത് ഷാ

Web Desk
|
3 Sep 2022 12:41 PM GMT

പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് കോൺഗ്രസും ഇടതുപക്ഷവും ഒന്നും ചെയ്തില്ല. വോട്ട് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒരു കാര്യവും ചെയ്തില്ല. വിവിധ ഘട്ടങ്ങളിൽ ഭരണത്തിൽ പങ്കാളിയായ കമ്യൂണിസ്റ്റ് പാർട്ടിയും ഒന്നും ചെയ്തില്ല. വോട്ട് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. 356-ാം വകുപ്പ് ഒഴിവാക്കി കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. പുൽവാമ ആക്രമണത്തിന് പകരമായി പാകിസ്താനുളളിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്തെ ജനമനസ്സുകളിൽനിന്ന് കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലോകത്തുനിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും പാർട്ടിക്ക് ഭാവിയുണ്ടെങ്കിൽ അത് ബിജെപിക്ക് മാത്രമാണ്. അത് മനസ്സിൽവെച്ചുവേണം ബിജെപി പ്രവർത്തകർ പ്രവർത്തിക്കുവാൻ. കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗത്ത് ബിജെപി പ്രവർത്തകർക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തിൽ പ്രവർത്തിക്കാൻ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts