ബി.ജെ.പിയുടെ ഈസ്റ്റർ ദിന പൊളിറ്റിക്‌സ്; പ്രതിരോധിക്കുന്നതിൽ കെ.പി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിമർശനം
|കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നത് കാണാതെ പോകരുതെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: ബി.ജെ.പിയുടെ ഈസ്റ്റർ ദിന പൊളിറ്റിക്‌സ് പ്രതിരോധിക്കുന്നതിൽ കെ.പി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി എ, ഐ ഗ്രൂപ്പുകൾ. രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് കെപിസിസി നേതൃത്വത്തിന് കത്ത് നൽകി. സമ്മർദം ശക്തമായതോടെ രാഷ്ട്രീയകാര്യസമിതി അടുത്ത ആഴ്ച വിളിക്കാനാണ് ആലോചന.
ക്രൈസ്തവ സഭാ നേതൃത്വത്തോട് അടുക്കാൻ ബി.ജെ.പി നടത്തുന്ന നീക്കം നേതൃത്വം ലാഘവത്തോടെ കണ്ടുവെന്നാണ് ഗ്രൂപ്പുകളുടെ വിമർശനം. സഭാ മേലധ്യക്ഷൻമാരുടെ പ്രസ്താവനകൾ ഗൗരവത്തിൽ എടുത്ത് നേതൃത്വം അവരുമായി ചർച്ച നടത്തണമെന്നാണ് പൊതു വികാരം.പാർട്ടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് കെപിസിസി അധ്യക്ഷന് കത്ത് നൽകി. അടിയന്തരമായി രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നാണ് ആവശ്യം. കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നത് കാണാതെ പോകരുതെന്നാണ് മുന്നറിയിപ്പ്.
കോൺഗ്രസിന്റെ സമീപനം ബി.ജെ.പിക്ക് ഒപ്പം സി.പി.എമ്മും മുതലെടുക്കുന്നുവെന്ന വിമർശനവും ഗ്രൂപ്പുകൾ ഉയർത്തുന്നു. അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന രമേശ് ചെന്നിത്തലയും സുധാകരനോട് ആവശ്യപ്പെട്ടു. ഇതോടെ സഭാ നയതന്ത്ര നയം ചർച്ച ചെയ്യാൻ ഈ മാസം 20 ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാനാണ് ആലോചന.