കരുതലെടുത്തിട്ടും കാര്യമില്ല; നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
|പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി കൃഷ്ണന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. തമിഴ്‌നാട്ടിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകുംവഴിയാണ് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
രണ്ട് യുവാക്കള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു നേരെ ഓടിയടുത്തു. തൊട്ടുപിന്നാലെയെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നാഗർകോവിൽ യാത്രക്ക് മുന്നോടിയായാണ് പൊലീസ് നടപടി. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.