സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; ചികിത്സയിലുള്ളത് 20 പേര്‍
|ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസ് പുതിയ രോഗമല്ലെങ്കിലും കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശങ്കയേറുന്നത്
സംസ്ഥാനത്ത് കോവിഡിനൊപ്പം വെല്ലുവിളി സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ്. ഇരുപത് പേരാണ് നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസിനുള്ള മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്.
ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസ് പുതിയ രോഗമല്ലെങ്കിലും കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശങ്കയേറുന്നത്. കൊവിഡാനന്തര അസുഖങ്ങളുടെ ഭാഗമായാണ് ബ്ലാക്ക് ഫംഗസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ട് പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി അനീഷക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.
എറണാകുളത്തും പത്തനംതിട്ടയിലും ഓരോ മരണം കൂടി ബ്ലാക്ക് ഫംഗസ് മൂലമാണെന്ന് സംശയിക്കുന്നുണ്ട്. ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നിന് ക്ഷാമം നേരിടുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ആംപോടെറിസിന്‍ ഇഞ്ചക്ഷന്‍ 10 വയല്‍ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉച്ചയോടെ എത്തിച്ചു. വരും ദിവസങ്ങളിലേക്കുള്ള മരുന്ന് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
പ്രതിരോധ ശേഷി കുറഞ്ഞവർ, അനിയന്ത്രിതമായ രീതിയില്‍ പ്രമേഹമുള്ളവര്‍, കാൻസര്‍ രോഗികൾ, ഐസിയുവിൽ ദീര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് ഭീഷണി കൂടുതല്‍. ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൌകര്യം ഒരുക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.