മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടത് പതിനാറുപേർ
|പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.വർക്കല സ്വദേശികളാണ് ബുറാഖ് എന്ന വള്ളത്തിലുണ്ടായിരുന്നത്.
അതേസമയം, മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. 22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യും.
ഇപ്പോൾ എത്തിച്ച ക്രെയിൻ ഉപയോഗിച്ച് കല്ല് പുറത്തെടുക്കുന്നത് പ്രയാസം നേരിടുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ച് മണൽ പൂർണമായി മാറ്റി പൊഴിക്ക് ആഴം കൂട്ടുന്ന ജോലിയും തുടങ്ങും. വളരെ വേഗം പണി പൂർത്തിയാക്കുമെന്ന് മന്ത്രിസഭ ഉപസമിതി ഉറപ്പ് കൊടുത്തിട്ടും ജോലി നീണ്ടു പോകുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് അതൃപ്തിയുണ്ട്. പണി പെട്ടന്ന് പൂർത്തിയായില്ലെങ്കിൽ തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.