നേപ്പാളിലേക്ക് വരൂ...നമുക്കിനി എവറസ്റ്റ് കീഴടക്കാം; ബാബുവിനെ ക്ഷണിച്ച് ബോബി
|13 വര്‍ഷമായി നേപ്പാളില്‍ താമസിക്കുന്ന ബോബി ആന്‍റണിയാണ് ബാബുവിനെ നേപ്പാളിലേക്ക് ക്ഷണിച്ചിരിക്കുന്നത്
ഭക്ഷണവും വെള്ളവുമില്ലാതെ, ഒരു മനുഷ്യനെപ്പോലും കാണാതെ നീണ്ട 46 മണിക്കൂര്‍. വന്യജീവികളുടെ വിഹാരകേന്ദ്രമായ സ്ഥലത്ത് കടുത്ത മഞ്ഞിനോടും ചൂടിനോടും പൊരുതി മലയിടുക്കില്‍ കുടുങ്ങിപ്പോയ ബാബു എന്ന 22കാരനാണ് ഇപ്പോള്‍ കേരളത്തിന്‍റെ വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. കൂടെയുണ്ടായിരുന്നവര്‍ പേടിച്ചു പിന്‍മാറിയിട്ടും മലകയറ്റം തുടര്‍ന്ന് ഒടുവില്‍ കാല്‍വഴുതി മലയിടുക്കില്‍ അകപ്പെട്ടു പോയിട്ടും പിടിച്ചുനിന്ന ബാബുവിന്‍റെ മനോധൈര്യത്തെ പ്രശംസിച്ചേ മതിയാകൂ. സൈന്യത്തിന്‍റെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബു ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പ്രതിസന്ധികളുണ്ടായെങ്കിലും യാത്രകള്‍ തുടരുമെന്നാണ് ബാബുവിന്‍റെ പ്രഖ്യാപനം.
അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കുമിടയില്‍ ബാബുവിനെ തേടി നേപ്പാളില്‍ നിന്നും ഒരു വിളിയെത്തിയിരിക്കുകയാണ്. വെറുതെ നേപ്പാള്‍ സന്ദര്‍ശിക്കാനല്ല, സാഹസികത ഇഷ്ടപ്പെടുന്നവരുടെ സ്വപ്നമായ എവറസ്റ്റ് കീഴടക്കാനാണ് ക്ഷണം. കഴിഞ്ഞ 13 വര്‍ഷമായി നേപ്പാളില്‍ താമസിക്കുന്ന ബോബി ആന്‍റണിയാണ് ബാബുവിനെ നേപ്പാളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ബോബിയുടെ വാക്കുകള്‍
നമസ്കാരം, നേപ്പാളില്‍ നിന്നും ബോബി ആന്‍റണിയാണ് സംസാരിക്കുന്നത്. രണ്ടു മൂന്നു ദിവസമായി നമ്മുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയ വിഷയമായിരുന്നു പാലക്കാട് മലമ്പുഴയിലുള്ള ബാബു എന്ന 23 വയസുകാരന്‍റെ അതിജീവനം. ദുര്‍ഘടമായ സാഹചര്യത്തില്‍ അതിജീവനം നടത്തിയ ബാബുവിന്‍റെ വാര്‍ത്ത കണ്ടപ്പോള്‍ എന്‍റെ മനസില്‍ ഒരു ആശയം തോന്നി. എന്തുകൊണ്ട് ബാബുവിന് നേപ്പാളിലെ എവറസ്റ്റ് കൊടുമുടി കീഴടക്കിക്കൂടാ.. ബാബുവിന് താല്‍പര്യമുണ്ടെങ്കില്‍, ബാബു ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെ ഞാന്‍ നേപ്പാളിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ നേപ്പാളിലേക്ക് വന്നാല്‍ എന്നാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യാം. കഴിഞ്ഞ 13 കൊല്ലമായി നേപ്പാളിലാണ് താമസിക്കുന്നത്. ബാബു പ്ലീസ് വെല്‍കം ടു നേപ്പാള്‍. ബാബു എന്ന ചെറുപ്പക്കാരന് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ബോബി'' തന്‍റെ ഫോണ്‍നമ്പറും ബോബി നല്‍കിയിട്ടുണ്ട്.