ഭർതൃവീട്ടിലെ ബോഡി ഷെയ്മിങ് ഗാർഹിക പീഡനം- ഹൈക്കോടതി
|ഭർതൃ സഹോദരന്റെ ഭാര്യക്കെതിരെ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി തള്ളി
കൊച്ചി: സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ ശരീരിക അധിക്ഷേപമുണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ബോഡി ഷെയ്‌മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃ സഹോദരന്റെ ഭാര്യക്കെതിരെ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാംപ്രതിയാണ് ഹരജിക്കാരി. പരാതിക്കാരിയുടെ ഭർത്താവും ഭർതൃപിതാവുമായിരുന്നു കേസിൽ ഒന്നും രണ്ടും പ്രതികൾ. യുവതിക്ക് ബോഡി ഷെയ്‌പില്ലെന്നും യുവാവിന് യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും പറഞ്ഞ് ഹരജിക്കാരി അധിക്ഷേപിച്ചെന്നാണ് ആരോപണം.
ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നാണ് കോടതിയുടെ വിലയിരുത്തൽ. അവരും ഗാര്‍ഹിക പീഡനം ബാധകമായ ബന്ധുക്കളുടെ ഗണത്തില്‍പ്പെടും. ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.