ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നം, കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്: എം.വി ഗോവിന്ദൻ
|കോടിയേരിയുടെ ഡോക്ടറുമായി താൻ സംസാരിച്ചെന്നു എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി താൻ സംസാരിച്ചിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാരും നൽകുന്നത്. ഭാര്യയും മകൻ ബിനീഷ് കോടിയേരിയുമാണ് ഇപ്പോൾ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവർക്ക് കോടിയേരിയെ സന്ദർശിക്കാനുള്ള അനുമതിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ജനാധിപത്യപരമായി നടക്കുന്ന ജാഥകളെ എതിർക്കേണ്ട കാര്യമില്ല, സർക്കാരിനെയോ ഇടതുപക്ഷത്തിനെയോ അനാവശ്യമായി വിമർശിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന് മറുപടി നൽകാമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടേത് കണ്ടെയ്‌നർ യാത്രയാണെന്നായിരുന്നു സിപിഎം വിമർശനം. രാഹുൽ ഗാന്ധി ദിവസവും 25 കി.മീറ്ററാണ് നടക്കുന്നത്. നടത്തത്തിന് ശേഷം രാഹുൽ കിടക്കരുതെന്നാണോ സിപിഎം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജോഡോ യാത്ര കേരളത്തിൽ 18 ദിവസമുണ്ടെന്നും, ഉത്തർപ്രദേശിൽ രണ്ട് ദിവസം മാത്രമാണുള്ളതെന്നും സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ഇന്ത്യയെന്നു പറഞ്ഞാൽ കേരളം മാത്രമാണെന്ന് പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി. സിപിഎം വേറെ എവിടെയെങ്കിലും ഉണ്ടോയെന്നും അവർ പറയുന്നതിൽ എന്ത് കാര്യമാണിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കാണ്. 10 സംസ്ഥാനങ്ങൾ കവർ ചെയ്യുന്നുണ്ട്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോകുന്നു. രാഹുൽ ഗാന്ധി പോകാത്ത സ്ഥലങ്ങളിൽ പി.സി.സി പ്രസിഡന്റുമാരും മറ്റും വലിയ പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്റെ വിലയെ ചൊല്ലി വിമർശനങ്ങളുന്നയിച്ച ബി.ജെ.പിക്കും കെ.സി വേണുഗോപാൽ മറുപടി നൽകി. എന്തായാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ടിന്റെ വിലയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ യാത്ര ബി.ജെ.പിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് തന്നെയാണ് തങ്ങളുടെ വിജയമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.