വിഴിഞ്ഞത്ത് കപ്പൽ വലിവ് ശേഷി പരിശോധന പൂർത്തിയായി; പരീക്ഷണം നടത്തിയത് നാലുമിനിറ്റ്
|പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്ന കപ്പൽ വലിവ് ശേഷി പരിശോധന വിജയകരമായി പൂർത്തിയായി. ഇന്നലെ ഉച്ചയോടെയാണ് പരിശോധന പൂർത്തിയായത്. തുറമുഖ വകുപ്പ് അധികൃതരും കൊച്ചിൻ ഷിപ്പിയാർഡ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് പരിശോധന ആരംഭിച്ചത്. പുലർച്ച തന്നെ കപ്പൽ എത്തിയെങ്കിലും ക്രെയിനും വടവും എത്താൻ വൈകി. ഇതോടെ പരീക്ഷണത്തിന് കാലതാമസമുണ്ടായി. ബൊള്ളാർഡും കപ്പലും തമ്മിൽ കൂറ്റൻ വടം ഉപയോഗിച്ച് ബന്ധിപ്പിച്ച ശേഷം കപ്പൽ മുന്നിലേക്ക് കുതിച്ചു. രണ്ട് മിനിറ്റ് കൊണ്ടുതന്നെ കരയിൽ വടവുമായി ബന്ധിപ്പിച്ചിരുന്ന മോണിറ്ററിൽ നിശ്ചിത അളവ് കാണിച്ചു. തുടർന്ന് നാല് മിനിറ്റോളം പരീക്ഷണം നടത്തിയ ശേഷം പരിശോധന പൂർത്തിയായി.
ക്രെയിനിന്റെ സഹായത്തോടെയാണ് യന്ത്ര സാമഗ്രികളും വടവും ബൊള്ളാർഡുമായി ബന്ധിപ്പിച്ചത്. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ വടം പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ എത്തിക്കുകയായിരുന്നു. തീരദേശ പൊലീസ്, തീരസംരക്ഷണ സേന, വിഴിഞ്ഞം പൊലീസ് എന്നിവർ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ബൊള്ളാർഡ് പുൾ ടെസ്റ്റ് നടത്തുന്നത്.
2010-ൽ സ്ഥാപിച്ച കേന്ദ്രത്തിൽ ഇതുവരെ മൂന്നുതവണ പരിശോധന നടന്നിട്ടുണ്ട്. 2013-ൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിച്ച ആങ്കർ ഹാൻഡ്ലിംഗ് ടഗ്ഗ് സപ്ലൈ വിഭാഗത്തിലുള്ള 'എസ്.സി.ഐ ഊർജ' എന്ന കപ്പൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് വിഴിഞ്ഞത്തെത്തിയത്. 66 മീറ്റർ നീളമുള്ള ഈ കപ്പലിന് 2048 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. കപ്പലുകൾ പണിത് നീറ്റിലിറക്കുമ്പോൾ ഉടമകൾ ആവശ്യപ്പെടുന്ന വലിവുശേഷി കപ്പലിനുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനമാണ് വിഴിഞ്ഞത്തുള്ളത്. ഏറ്റവും കൂടുതൽ വലിവ് ശേഷി പരിശോധിക്കാനുള്ള സംസ്ഥാനത്തെ തന്നെ ഏക ബൊള്ളാർഡാണിത്.