Kerala
Bomb threat to two planes in Nedumbassery Air Port
Kerala

നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

Web Desk
|
20 Oct 2024 1:20 PM GMT

സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.

സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്നലെയും നെടുമ്പാശ്ശേരിയിലെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നേരത്തെ, 6E87 നമ്പർ കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായതായിരുന്നു.

ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരേയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും 'ഭീഷണികള്‍ക്ക്' പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാവാത്തവരും തമാശയ്ക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയത്.

Similar Posts