കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
|പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. കുറ്റ്യാടി അമ്പലത്തു കുളങ്ങര ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. രാവിലെ അഞ്ചരക്കായിരുന്നു സംഭവം. പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിനു നേരെയും ബോംബാക്രമണമുണ്ടായിരുന്നു. ഓഫീസിലെ ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു.
കൂടാതെ കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ചു. മണ്ണൂരിലും കൊയിലാണ്ടിയിലും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർക്ക് നേരെ ആക്രമണമുണ്ടായി. പൊലീസ് നോക്കി നിൽക്കെയാണ് സി.പി.എം ആക്രമണം നടന്നതെന്ന് കോഴിക്കോട് ഡി.സി.സി സെക്രട്ടറി അഡ്വ കെ.പ്രവീൺകുമാർ ആരോപിച്ചു.
കോഴിക്കോടിന് പുറമെ മറ്റു ജില്ലകളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അതിക്രമമുണ്ടായി. കണ്ണൂർ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ചക്കരക്കല്ലിലെ എൻ.രാമകൃഷ്ണൻ സ്മാരക മന്ദിരമാണ് തകർത്തത്. ഓഫിസ് ജനൽ ചില്ലുകളും, ഫർണ്ണിച്ചറുകളും തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.
അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകളും ഇന്നലെ രാത്രി തകർത്തു.ഓഫീസിനു മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്തു. അക്രമം നടത്തിയത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.