പുസ്തക വിവാദം; ഇ.പി ജയരാജന്റെ പരാതിയിൽ പ്രാഥമികാന്വേഷണം
|കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിർദേശം നൽകിയത്
തിരുവനന്തപുരം: പുസ്തക വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിർദേശം നൽകിയത്. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം കേസെടുക്കുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
തന്റെ പേരിൽ പുറത്തുവന്ന 'കട്ടൻ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇ.പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്. പുസ്തക വിവാദത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്റെ ആത്മകഥ പ്രസീദ്ധികരിക്കുന്നതിന് ആരുമായും കരാറില്ലെത്തിയിട്ടില്ലെന്നും ആവർത്തിക്കുകയാണ് ഇ.പി ജയരാജൻ.
വഴിവിട്ട എന്തോ നടന്നിട്ടുണ്ട്, ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പാർട്ടിയെ കാണിച്ച് അനുവാദം വാങ്ങും. ഭാഷാശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടെന്നും അയാളിൽ നിന്ന് അവ ചോരില്ലെന്നാണ് വിശ്വാസമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.