Kerala
സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു; ലിറ്ററിന് 20 രൂപ
Kerala

സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു; ലിറ്ററിന് 20 രൂപ

Web Desk
|
16 Dec 2021 11:47 AM GMT

സർക്കാർ ഉത്പന്നമായ ഹില്ലി അക്വയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ധിപ്പിച്ചത്. സർക്കാർ ഉത്പന്നമായ ഹില്ലി അക്വയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും തടഞ്ഞു. സംസ്ഥാന സർക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഉള്‍പ്പെടെ നല്‍‌കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

കുപ്പിവെള്ളത്തിന്‍റെ വില എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നു കേന്ദ്രസർക്കാർ രണ്ടു മാസത്തിനകം സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിനു പല വില ഈടാക്കുകയാണെന്നു കാണിച്ച് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതിനെ തുടർന്ന് 2019 ജൂൺ 14നാണ് സർക്കാർ കുപ്പിവെള്ളത്തെ കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കിയത്. പിന്നീട് 13 രൂപ വിലയായി നിശ്ചയിച്ചു. ഇതു രണ്ടും ചോദ്യംചെയ്തായിരുന്നു ഹരജി.

ഭക്ഷ്യസാമഗ്രികൾ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാന, കേന്ദ്രസർക്കാരുകൾ ആലോചിച്ച് വില നിയന്ത്രണത്തിനുള്ള ശിപാർശ മുന്നോട്ടു വയ്ക്കണമെന്നും കോടതി നിർദേശിച്ചു.

Related Tags :
Similar Posts