ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സ്ഥലത്തെത്തി
|കേസ് മറ്റന്നാൾ കോടതി പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി: നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരത്തെത്തി. ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരാണ് സംഘത്തിൽ.
കലക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷമാവും നിരീക്ഷണസമിതി പ്ലാന്റുകളിലേക്കും മാലിന്യം കൂടുതലുള്ള മേഖലകളിലേക്കും സന്ദർശനം നടത്തുക. പ്രദേശവാസികളുമായും സമിതി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്ലാന്റിൽ തീപിടിക്കാനുണ്ടായ സാഹചര്യവും തീപിടിത്തത്തിനുള്ള സാഹചര്യവുമടക്കം സമിതി പരിശോധിക്കും. മാലിന്യപ്ലാന്റ് സന്ദർശിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം. കേസ് മറ്റന്നാൾ കോടതി പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
അതേസമയം ബ്രഹ്മപുരം പ്ലാന്റിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ 80 ശതമാനം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നെങ്കിലും ഇന്ന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ന് വൈകിട്ടോടു കൂടി തീ നിയന്ത്രണവിധേയമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉച്ചയ്ക്ക് ശേഷമുണ്ടായ കാറ്റ് തീ ശമിക്കുന്നതിന് വെല്ലുവിളിയായി.