ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
|ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി
എറണാകുളം: ബ്രഹ്മപുരം തീപിടത്തിത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ബ്രഹ്മപുരം തീപിടത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ആവശ്യം. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെട്ടുതുടങ്ങിയിട്ടുണ്ട്. നാളെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മാലിന്യ കൂനകൾക്കിടയിലെ തീ കെടുത്തുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷന് വൻതുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്തെത്തി. 1.8 കോടിയാണ് പിഴ ചുമത്തിയത്. മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.
വിഷപ്പുകയിൽ പൊറുതിമുട്ടിയിരിക്കുകയാണ് കൊച്ചിയിലെ ജനങ്ങൾ. പലയിടത്തും കാഴ്ചമറയ്ക്കുന്ന രീതിയിലാണ് പുകയുള്ളത്. വിഷപ്പുക ശ്വസിച്ച് നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പുക ജില്ലക്ക് പുറത്തേക്കും വ്യാപിക്കുന്നുണ്ട്. ദുർഗന്ധം മൂലം പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. പത്രമിടാനും മറ്റും പതിവുപോലെ പുറത്തിറങ്ങിയവർ ഇന്നും വിഷപ്പുകയിൽ വലഞ്ഞു. തീ അണക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ പുക നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് തന്നെയാണ് വിലയിരുത്തൽ