ബ്രഹ്മപുരം: തീയും പുകയും കെടുത്താനുള്ള ശ്രമം എട്ടാം ദിനത്തില്‍
|ഇന്നുതന്നെ തീ പൂർണമായും കെടുത്താന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. ഇന്നുതന്നെ തീ പൂർണമായും കെടുത്താന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. തീപിടിത്തത്തെ തുടർന്ന് നിലച്ച മാലിന്യ ശേഖരണം ഇന്ന് മുതൽ പുനരാരംഭിക്കും.
ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തിൽ തീ കെടുത്തല് പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കൽ തുടർന്നു. കാര്യക്ഷമമായി തീ അണയ്ക്കുന്നതിന് സമീപ ജില്ലകളിൽ നിന്നും യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. പുക ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളതിനാൽ കൊച്ചി കോർപ്പറേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്. എന്നാൽ അവധി പൊതുപരീക്ഷകൾക്ക് ബാധകമല്ല. പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് നിലച്ച മാലിന്യ നീക്കം ഇന്ന് പുനരാരംഭിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് മേഖലകളാക്കി സംസ്കരിക്കാനാണ് തീരുമാനം.