ബ്രഹ്മപുരം തീപിടിത്തത്തിലെ ദുരൂഹത: പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു
|വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിലെ ദുരൂഹത കണ്ടെത്താനാവൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തിലെ ദുരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ തൃക്കാക്കര എ.സി.പിയാണ് തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ചത്. ഇന്നലെ വൈകീട്ടാണ് റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്.
വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിലെ ദുരൂഹത കണ്ടെത്താനാവൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദൃശ്യമികവോടെയുള്ള ഉപഗ്രഹ ചിത്രങ്ങൾ ലഭിക്കണമെന്നാണ് പൊലീസ് മുന്നോട്ടുവെക്കുന്ന ഒരു ആവശ്യം. അടിത്തട്ടിലെ താപനില കൂടുതലായതിനാൽ ഇതാണോ തീപിടിത്തത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. മാലിന്യത്തിന്റെ അടിത്തട്ടിലെ സാംപിൾ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
തീപിടിത്തമുണ്ടായ ദിവസം 48 പേരാണ് പ്ലാന്റിൽ ജോലിക്ക് ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്‌തോ എന്നത് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ടിൽ വിവരങ്ങളില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമുള്ള വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.