Kerala
brahmapuram plant completely extinguished, brahmapuram plant

ബ്രഹ്മപുരം പ്ലാന്റ്

Kerala

12 ദിവസത്തിന് ശേഷം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുകയടങ്ങി; വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവേ

Web Desk
|
14 March 2023 1:00 AM GMT

തീയും പുകയും പൂർണമായി അണച്ചെങ്കിലും രണ്ട് ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം തുടരും

എറണാകുളം: 12 ദിവസത്തിന് ശേഷം കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീയും പുകയും അടങ്ങി. മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ ഇന്ന് ആരോഗ്യ സർവേ ആരംഭിക്കും. രണ്ട് ദിവസത്തിനകം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാര സൂചിക സാധാരണ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തീയും പുകയും പൂർണമായും അണച്ചത്. ഇതോടെ 12 ദിവസം നീണ്ട അഗ്നിശമനസേനയുടെ പ്രവർത്തനങ്ങൾ വിജയം കണ്ടു. ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പോലീസ്, എന്നിവരാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തീയും പുകയും പൂർണമായി അണച്ചെങ്കിലും രണ്ട് ദിവസം കൂടി പ്രദേശത്ത് നിരീക്ഷം തുടരും.

ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബ്രഹ്മപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

''ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പൊലീസ്, ഹോംഗാർഡ്, കോർപ്പറേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൽഎൻജി ടെർമിനൽ, ബിപിസിഎൽ, ആരോഗ്യം, എക്‌സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്മോൾഡറിംഗ് ഫയർ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ വരെ നിതാന്ത ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എസ്‌കവേറ്ററുകളും ഉപകരണങ്ങളുണ്ട്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ തീയും പുകയും പൂർണമായി അണയ്ക്കാൻ കഴിഞ്ഞു. ഭാവിയിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാൻ അഗ്‌നിരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫയർ വാച്ചർമാരെ നിയോഗിക്കുന്നതിലും ഹൈഡ്രന്റ്സ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും വിശദമായ കർമ്മ പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടത്തിന് നൽകും. ഇതനുസരിച്ചായിരിക്കും അടുത്ത നടപടി. തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ നടപ്പാക്കും''. കലക്ടർ പറഞ്ഞു.

തീ അണയ്ക്കൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഉദ്യോഗസ്ഥർക്ക് ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ കോളേജിലെ ടീമിന്റെ സേവനം ലഭ്യമാക്കി മെഡിക്കൽ ക്യാംപ് ചൊവാഴ്ച്ച സംഘടിപ്പിക്കും. ക്യാമ്പിൽ പൾമണോളജിസ്റ്റ് ഉൾപ്പടെയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ സോഷ്യൽ സപ്പോർട്ടും ലഭ്യമാക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടപടിയുണ്ടാകും. ഇവരുടെ തുടർ ആരോഗ്യപരിപാലനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ ഇന്ന് ആരോഗ്യ സർവേ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവർത്തകരെയാണ് സർവേക്കായി നിയോഗിച്ചിട്ടുള്ളത്.

അതേസമയം, ബ്രഹ്മപുരം തീ പിടുത്തത്തെ ചൊല്ലി കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. പ്ലാന്റിലെ തീപിടുത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷനിലേക്ക് മാർച്ച് നടത്തും.

Similar Posts