ബ്രഹ്മപുരം ഉപകരാര്‍: മകന് ബന്ധമില്ലെന്ന കോൺഗ്രസ് നേതാവ് എൻ.വേണുഗോപാലിന്റെ വാദം പൊളിയുന്നു; ഒപ്പ് വെച്ചതിന്റെ രേഖകള്‍ പുറത്ത്
|അരാഷ് മീനാക്ഷിയുടെ എം.ഡി മകന്റെ അടുത്തസുഹൃത്താണ്, അല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും വേണുഗോപാല്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ഉപകരാറുമായി ബന്ധമില്ലെന്ന കോൺഗ്രസ് നേതാവ് എൻ.വേണുഗോപാലിന്റെ വാദം പൊളിയുന്നു. എൻ.വേണുഗോപാലിന്റെ മകൻ വി .വിഘ്നേഷ് ആണ് ഉപകരാറിൽ ഒപ്പുവെച്ചത്. ഉപകരാറിൽ വിഘ്നേഷ് ഒപ്പുവെച്ചതിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.
അതേസമയം, ഉപകരാറുമായി മകന് ബന്ധമില്ലെന്ന് എൻ വേണുഗോപാൽ ആവര്‍ത്തിക്കുകയാണ്. ഉപകരാർ ലഭിച്ച കമ്പനി അരാഷ് മീനാക്ഷിയുടെ എം ഡി വെങ്കിട് മകന്റെ അടുത്ത സുഹൃത്താണ്. ഈ സാഹചര്യത്തിൽ സാക്ഷിയായി ഒപ്പിട്ടുണ്ടാകാം. അല്ലാതെ മറ്റൊരു രീതിയിലുള്ള ബന്ധവും തനിക്കോ മകനോ ഉപകരാറുമായി ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
താനോ മകനോ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. തനിക്ക് ഉപകരാർ എന്താണെന്ന് പോലും അറിയില്ല. താൻ ഉപകരാർ കണ്ടിട്ടില്ല. അല്ലാതെ അതിൽ കൂടുതൽ ഒന്നും തനിക്ക് അറിയില്ല എന്നുള്ള നിലപാടാണ് അദ്ദേഹം പിന്നീട് എടുത്തത്.
ബ്രഹ്മപുരത്ത് ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇൻഫ്രാടെക് കരാർ ലംഘിച്ചതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. കൊച്ചി കോർപറേഷന്റെ അനുമതിയില്ലാതെ ഉപകരാർ നൽകരുതെന്ന വ്യവസ്ഥയാണ് സോണ്ട ലംഘിച്ചത്. ബ്രഹ്മപുരത്ത് തന്നെയുള്ള അരാഷ് മീനാക്ഷി എന്ന കമ്പനിക്കാണ് 22. 5 കോടി രൂപക്ക് ബയോമൈനിംഗ് ജോലി പകുതിയിലും കുറഞ്ഞ തുകക്ക് കൈമാറിയത്. സോണ്ടയുമായുള്ള കരാർ റദ്ദാക്കാൻ കോർപറേഷന് ഇത് മതിയായ കാരണമാണെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
ബ്രഹ്മപുരത്ത് നേരത്തേ സംഭരിച്ച അഞ്ച് ലക്ഷം ടൺ മാലിന്യം ബയോമൈനിംഗ് നടത്താൻ 54.9 കോടിക്കാണ് 2021 ൽ സോണ്ട കമ്പനി കരാറെടുത്തത്. കോർപറേഷനുമായുള്ള കരാറൊപ്പിട്ട് രണ്ടരമാസം കഴിഞ്ഞപ്പോൾ സോണ്ട ഈ ജോലി മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 54.9 കോടിക്ക് കരാറെടുത്ത ജോലി പകുതിയിലും കുറഞ്ഞ തുകക്ക് അരാഷ് മീനാക്ഷിക്ക് മറിച്ചു കൊടുത്തത്.
2021 നവംബർ 20 ന് സോണ്ടയും അരാഷ് മീനാക്ഷിയും തമ്മിൽ ഒപ്പിട്ട കരാറിന്റെയും വർക് ഓഡററിന്റെയും പകർപ്പാണ് പുറത്ത് വന്നത്. കോർപറേഷനുമായുള്ള സോണ്ടയുടെ കരാറിലെ ക്ലോസ് 35 ൽ അനുമതിയില്ലാതെ ഉപകരാർ നൽകിയാൽ കരാർ റദ്ദാക്കുമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയുടെ നഗ്നമായ ലംഘനം നടന്നുവെന്ന് മാത്രമല്ല അരാഷ് മീനാക്ഷി കമ്പനിയുടെ പശ്ചാത്തലം കൂടി സംശയിക്കപ്പെടുകയാണ്.