ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം സിപിഎം ഉണ്ടാക്കിയത്; സോറ്റ ഇൻഫ്രാ ടെക്കിന്റെ നഷ്ടം നികത്താനുള്ള നീക്കമെന്ന് കോൺഗ്രസ്
|കമ്പനി വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റേതെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സോറ്റ ഇൻഫ്രാ ടെക് എന്ന കമ്പനിക്ക് നഷ്ടം നികത്താന്‍ തീപിടിത്തം ഉണ്ടാക്കിയതാണ്. ഈ കമ്പനി വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റേതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
മേയറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ടെന്‍ഡറിലും കരാറിലും ക്രമക്കേട് നടന്നെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തമുണ്ടായത്. മാലിന്യൂക്കൂമ്പാരത്തിന് തീ പടർന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകൾ സംഭവമറിഞ്ഞ് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തീ ഇനിയും പൂർണമായും അണച്ചിട്ടില്ല.
തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ പലയിടത്തും കനത്ത പുക പടരുകയാണ്. തീ കെടുത്തിയപ്പോൾ പ്ലാസ്റ്റിക് മാല്യന്യങ്ങളും മറ്റും എരിഞ്ഞുകത്തുന്നതുകൊണ്ടാണ് പുക പടരുന്നതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. മൂടൽമഞ്ഞിന്റെ സമാനത്തിലാണ് പുക നഗരത്തിൽ മൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് കത്തിയ പുകയായതിനാല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
തീ അണയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചിട്ടുണ്ട്. 20 ഫയർ ഫോഴ്സ് യൂണിറ്റുകൾ അധികമായി എത്തിക്കുമെന്ന് കലക്ടർ അറിയിച്ചു. കൊച്ചി നിവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്.തീ ആളിക്കത്തുന്നത് തടയാനായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇപ്പോഴും പുക ഉയരുകയാണ്. നേവിയുടെയും കൊച്ചി റിഫൈനറിയുടെയും സംഘങ്ങൾ കൂടി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആറ് സെക്ടറുകളായി തിരിച്ചാണ് തീയണയ്ക്കുന്ന പ്രവൃത്തി തുടരുന്നത്.
ഏഴുപത് ഏക്കറോളം സ്ഥലം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്ന് കലക്ടർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പുക കാരണം നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ,നിലവിലെ സാഹചര്യത്തിൽ ബ്രഹ്മപുരത്ത് ഓക്സിജൻ കിയോസ്ക് ആരംഭിക്കാൻ ഡിഎംഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.