മുംബൈ മയക്കുമരുന്ന് കേസില്‍ വഴിത്തിരിവ്: മൻസൂറിന്‍റെ പേരിൽ കണ്ടെയ്നർ അയച്ചത് ഗുജറാത്ത് സ്വദേശി
|ദക്ഷിണാഫ്രിക്കൻ പൊലീസിന് നല്‍കിയ സത്യവാങ്‍മൂലത്തിലാണ് അമൃത് പട്ടേല്‍ വിശദാംശങ്ങള്‍ നല്‍കിയത്
കൊച്ചി: മലയാളികള്‍ പ്രതിയായ മുംബൈ മയക്കുമരുന്ന് കേസില്‍ വഴിത്തിരിവ്. മൻസൂറിന്‍റെ പേരിൽ കണ്ടെയ്നർ അയച്ചത് താനാണെന്ന് ഗുജറാത്ത് സ്വദേശി അമൃത് പട്ടേല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പൊലീസിന് നല്‍കിയ സത്യവാങ്‍മൂലത്തിലാണ് അമൃത് പട്ടേല്‍ വിശദാംശങ്ങള്‍ നല്‍കിയത്. മൻസൂർ നാട്ടിലായിരിക്കുമ്പോഴാണ് പാഴ്സല്‍ അയച്ചതെന്നും മൻസൂറിൻ്റെ കണ്ടെയ്നറിൽ തൻ്റെ പാഴ്സലും ഉൾപ്പെടുത്തുകയായിരുന്നെന്നും അമൃത് പറഞ്ഞു. ഇതിന്‍റെ പശ്ചാത്തലത്തിൽ അമൃത് പട്ടേലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
സെപ്റ്റംബർ 30നാണ് ഡി.ആർ.ഐ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈയിലെ വാഷിയിൽ ഓറഞ്ച് ലോഡിനിടയിൽ നിന്നു 1476 കോടി രൂപ വരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്‍റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്.
കോവിഡ് കാലത്ത് മാസ്‌ക് നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്താണ് കേസില്‍ പ്രതികളായ വിജിൻ വർഗീസും മൻസൂറും സൗഹൃദത്തിലായത്. കൊച്ചി ആസ്ഥാനമായാണ് യുമീറ്റോ ഇന്‍റര്‍നാഷണൽ ഫുഡ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിനും സഹോദരനുമാണ് കമ്പനി ഉടമസ്ഥർ.