കൂറുമാറാന്‍ 100 കോടി കോഴ; തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി
|ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം
തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.
ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം. തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചു. തോമസ് കെ. തോമസിന്‍റെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആന്‍റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം.
അതേസമയം ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അജിത് പവാറുമായി ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ലെന്നും തോമസ് വ്യക്തമാക്കി. ഇത് ആന്‍റണി രാജു കളിക്കുന്ന കളിയാണ് എന്നാണ് തോമസ് പറഞ്ഞത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ആരോപണം നിഷേധിച്ചു.