'ആരോപണം വാസ്തവ വിരുദ്ധം, വാഗ്ദാനങ്ങളുടെ പിറകെ പോകുന്ന ആളല്ല ഞാന്‍': കോവൂര്‍ കുഞ്ഞുമോന്
|മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും കോവൂര്‍ കുഞ്ഞുമോന്
തിരുവനന്തപുരം : തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. തോമസ് കെ തോമസുമായി സംസാരിച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്. അർഹിച്ചതൊന്നും തനിക്കും തൻ്റെ പാർട്ടിക്കും കിട്ടിയിട്ടില്ല. ആരും ഓല പാമ്പ് കാട്ടി വിരട്ടേണ്ട. ഒരു വാഗ്ദാനത്തിൻ്റെയും പുറകെ പോകുന്ന ആളല്ല താൻ. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു, കൊട്ടാരക്കരയിൽ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അറിയിച്ചുവെന്നും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി എംഎൽഎയായ കുഞ്ഞുമോൻ പറഞ്ഞു.
തോമസ് കെ. തോമസ് എൽഡിഎഫിന്റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ട്. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചിരുന്നു. തോമസ് കെ. തോമസിന്റെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആന്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
അതേസമയം ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി. അജിത് പവാറുമായി ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ലെന്നുമാണ് തോമസ് വ്യക്തമാക്കിയത്. ഇത് ആന്റണി രാജു കളിക്കുന്ന കളിയാണ് എന്നാണ് തോമസ് പറഞ്ഞത്.