കൈക്കൂലിയായി തേനും കുടംപുളിയും വരെ; എല്ലാം ഒരു വീടിന് വേണ്ടിയെന്ന് ഉദ്യോഗസ്ഥൻ
|35 ലക്ഷം രൂപയും കൂടാതെ 17 കിലോ നാണയത്തുട്ടുകളും സുരേഷ് കുമാറിൽ നിന്ന് പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ കണ്ടെത്തിയെന്ന് വിജിലൻസ്. പൊട്ടിക്കാത്ത 10 കെട്ട് മുണ്ടും ഷർട്ടും പേനകളും വിജിലൻസ് കണ്ടെത്തി. വീട് വയ്ക്കാൻ ആയാണ് പണം സ്വരുക്കൂട്ടിയതെന്നാണ് പ്രതിയുടെ മൊഴി. കണക്കിൽ പെടാത്ത ഒരു കോടി രൂപയാണ് മണ്ണാർക്കാട്ടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. കാറിൽ വെച്ച് മഞ്ചേരി സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. 35 ലക്ഷം രൂപയും കൂടാതെ 17 കിലോ നാണയത്തുട്ടുകളും പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു. വീടുവെക്കാൻ സ്വരുക്കൂട്ടിയ പണമാണെന്ന് വിശദീകരണം നൽകിയെങ്കിലും സുരേഷ് കുമാർ സ്ഥിരം കൈക്കൂലിക്കാരനാണെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
സുരേഷ് കുമാറിന് കൈക്കൂലി നൽകിയില്ലെങ്കിൽ ഒരു സേവനവും ലഭിക്കില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെ മണ്ണാർക്കാട്ടെ താമസ സ്ഥലത്ത് നിന്നാണ് പണം പിടികൂടിയത്. ഇയാളുടെ തിരുവനന്തപുരം ഗോവിന്ദ മംഗലത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനായി മഞ്ചേരി സ്വദേശിയിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടിയത്.
തുടർന്ന് സുരേഷ്കുമാർ താമസിക്കുന്ന മണ്ണാർക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു. വിജിലൻസ് ഡി.വൈ.എസ്. പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.