വി.ഡി സതീശനെതിരായ കോഴ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി
|150 കോടിയുടെ ആരോപണം ഉന്നയിച്ച പി.വി അൻവറിനെ സാക്ഷിയാക്കണമെന്നും ആവശ്യം.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പരാതി നൽകിയത്. 150 കോടിയുടെ ആരോപണം ഉന്നയിച്ച പി.വി അൻവറിനെ സാക്ഷിയാക്കണമെന്നും ആവശ്യം. കെ- റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി കൈപ്പറ്റിയെന്നായിരുന്നു പി.വി അൻവർ എം.എൽ.എയുടെ ആരോപണം. സമാന ആവശ്യം ഉന്നയിച്ചുള്ള ഹരജി വിജിലൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽക്കൂടി പണം കടത്തിയെന്ന ആരോപണം അന്വേഷിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയായിരുന്നു.
കെ- റെയിൽ പദ്ധതി അട്ടിമറിക്കാൻ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ നിന്ന് മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും ഈ തുക വി.ഡി സതീശന് ലഭിച്ചുവെന്നുമാണ് പി.വി അൻവറിന്റെ ആരോപണത്തിൽ പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന ആരോപണം അന്വേഷിക്കാൻ കഴിയില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. കൂടാതെ പണം വാങ്ങിയെന്ന് പറയുന്ന കാലയളവിൽ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നില്ലെന്നും വിജിലൻസ് സമർപ്പിച്ച മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
വിജിലൻസിന്റെ മറുപടി വൈകിയതോടെയാണ് വിധി പറയുന്നതിലും കാലതാമസം വന്നത്. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമപദേശം ലഭിച്ചതായി കോടതിയിൽ നേരത്തെ വിജിലൻസ് അറിയിച്ചിരുന്നു. എന്നാൽ കേസെടുക്കുന്നതിൽ അനുമതിയാവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹരജിക്കാരൻ കോടതിയുടെ മേശപ്പുറത്ത് വെച്ചു. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണം. മാസത്തിൽ മൂന്ന് തവണയെങ്കിലും പ്രതിപക്ഷ നേതാവ് ബംഗളൂരുവിൽ പോയിട്ടുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പിനു മുൻപ് 25 കോടി കിട്ടി. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം നടത്തണമെന്നും അൻവർ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹഫീസ് കോടതിയെ സമീപിച്ചത്.