Kerala
adv saiby jose

അഡ്വ.സൈബി ജോസ് കിടങ്ങൂര്‍

Kerala

ജഡ്ജിക്ക് നൽകാൻ കോഴ വാങ്ങി; സൈബി ജോസിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

Web Desk
|
31 Jan 2023 5:51 PM GMT

ആരോപണത്തിൽ അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി തുടങ്ങിയിരുന്നു

കൊച്ചി: ജഡ്ജിക്ക് നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് എ.ജിയുടെ നിയമോപദേശം. സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് നിയമോപദേശം തേടുകയും ചെയ്തിരുന്നു. ആരോപണത്തിൽ അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി തുടങ്ങിയിരുന്നു. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർകൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ ബാർ കൗൺസിൽ ഓഫ് കേരള നടപടി ആരംഭിച്ചത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകർ നിയമമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതി ബാർ കൗൺസിലിന് ലഭിച്ച പശ്ചാത്തലത്തിൽ ആരോപണങ്ങളെ കുറിച്ച് വിശദീകരണം നൽകാനാണ് സൈബിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും. അതിന് ശേഷമായിരിക്കും തുടർനടപടി. സൈബിക്കെതിരെ നടത്തിയ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നിയമോപദേശത്തിനായി എജിക്ക് കൈമാറി. റിപ്പോർട്ടിൽ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന്റേതായിരിക്കും. ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന ആരോപണം ഉള്ളതിനാൽ സൈബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകാനാണ് സാധ്യത.

അതിനിടെ, കേസിൽ കൈക്കൂലി നൽകിയിട്ടില്ലെന്ന വാദവുമായി കക്ഷി രംഗത്ത് വന്നിരുന്നു. ഫീസായി ഒരു ലക്ഷം രൂപ നൽകി. നാലുതവണയായി ബാങ്ക് വഴിയാണ് പണം നൽകിയതെന്നും മുൻകൂർ ജാമ്യം നേടിയ ബൈജു സെബാസ്റ്റ്യൻ മീഡിയവണിനോട് പറഞ്ഞു. കേസിൽ മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാൻ 50 ലക്ഷം രൂപ സൈബി ജോസ് കൈപ്പറ്റി എന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വഴി തർക്കവുമായി ബന്ധപ്പെട്ട് ബൈജു സെബാസ്റ്റ്യൻ അയൽവാസിയെ ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. ഈ കേസിൽ കഴിഞ്ഞ വർഷം ഏപിൽ 29 ന് ഹൈക്കാടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അന്ന് ഇരയുടെ വാദം കേൾക്കാതെയാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം നേടിയെടുക്കുന്നതിന് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ പേരിൽ സൈബി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെയാണ് ഹരജിയിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചത്.

കൈക്കൂലി നൽകിയിട്ടില്ലെന്നാണ് കക്ഷി വെളിപ്പെടുത്തിയത്. എന്നാൽ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ തന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സൈബി ജോസ് ഫീസ് വാങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് ബൈജു സെബാസ്റ്റ്യൻ വ്യക്തമാക്കി. മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചതിന് ശേഷം അടുത്ത ആഴ്ചയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ വാദം കേൾക്കുക. അന്നും ബൈജു സെബാസ്റ്റ്യനും കൂട്ടുപ്രതിക്കും വേണ്ടി ഹാജരാവുന്നത് സൈബി ജോസ് തന്നെയാണ്.

Bribery Case; Legal advice that a case can be filed against Saibi Jose

Similar Posts