Kerala
Bribery case,Bribery case: Mass transfer of employees of Palakkayam village office,കൈക്കൂലിക്കേസ്: പാലക്കയം  വില്ലേജ് ഓഫീസിലെ  ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം,പാലക്കയം  വില്ലേജ് കൈക്കൂലി കേസ്
Kerala

കൈക്കൂലിക്കേസ്: പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് കൂട്ടസ്ഥലം മാറ്റം

Web Desk
|
6 Aug 2023 7:48 AM GMT

വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്

പാലക്കാട്: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം . വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും ഫീൽഡ് അസിസ്റ്റന്റിനെയുമാണ് സ്ഥലം മാറ്റിയത്. റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കയം കൈക്കൂലിക്കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയത്. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ മേയ് 23 നാണ് അറസ്റ്റ് ചെയ്തത്. ലൊക്കേഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ മഞ്ചേരി സ്വദേശിയിൽ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ് . പിന്നീട് ഇയാളുടെ മണ്ണാർക്കാട്ടുള്ള താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു.

ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സുരേഷ്‌കുമാറിന് ജൂൺ ആദ്യവാരം ജാമ്യം ലഭിച്ചിരുന്നു. ഇവർക്കു പകരം പൊറ്റശ്ശേരി-ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനെയും അലനല്ലൂർ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റിനെയും പാലക്കയത്തു നിയമിച്ചു. വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല.

Similar Posts