കൈക്കൂലി കേസ്: ഡോ.ഷെറി ഐസക്കിന് സസ്‌പെൻഷൻ
|15 ലക്ഷം രൂപയാണ് ഷെറി ഐസക്കിന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയത്
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്തു. ഇയാളുടെ സ്വത്ത് വിവരം ഇ.ഡി അന്വേഷിച്ചുവരുന്നതിനിടെയാണ് നടപടി. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറാണ് ഷെറി ഐസക്ക്.
അഞ്ചു ലക്ഷത്തിനു മീതെ പണം പിടികൂടിയാൽ കേസുകൾ ഇ.ഡിയെ അറിയിക്കണം എന്നാണ് ചട്ടം. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. പിടിയിലായ ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു.
15 ലക്ഷം രൂപയാണ് ഷെറി ഐസക്കിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. 500, 2000, 100, 200 രൂപയുടെ നോട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് ഡോക്ടർ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ വൈകീട്ട് നാലിന് എത്തിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാതിരുന്നതിനാല്‍ പല തവണ ഓപ്പറേഷന്‍ മാറ്റിവെച്ചതായാണ് പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെറി ഐസക് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. മെഡിക്കൽ കോളജിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളോട് ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്താൻ ആവശ്യപ്പെടും. ഒരു തവണ ഡോക്ടറെ കാണാൻ 300 രൂപ നൽകണം. മെഡിക്കൽ കോളജിലെ തുടർ ചികിത്സക്ക് കൈക്കൂലി ചോദിക്കുന്നത് അടുത്തുള്ള മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ വഴിയാണ്. ശസ്ത്രക്രിയക്കുള്ള തിയ്യതി ലഭിക്കാൻ കുറഞ്ഞത് 3000 രൂപയാണ് നൽകേണ്ടത്.