എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി വിവാദം; തൊഴിലാളികളും കരാറുകാരനും തമ്മിൽ തർക്കം
|ഹൈക്കോടതി നിരോധിച്ചിട്ടും ശമ്പളത്തിന് പുറമെ കയറ്റിറക്ക് കൂലി വാങ്ങുന്നുവെന്നാണ് കരാറുകാരന്റെ ആക്ഷേപം
തൃശ്ശൂർ: എഫ്‍.സി.ഐ ഗോഡൗണിൽ അട്ടിക്കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനുകളും കരാറുകാരനും തമ്മിൽ തർക്കം. ഹൈക്കോടതി നിരോധിച്ചിട്ടും ശമ്പളത്തിന് പുറമെ കയറ്റിറക്ക് കൂലി വാങ്ങുന്നുവെന്നാണ് കരാറുകാരന്റെ ആക്ഷേപം. എന്നാൽ നിയമം പാലിക്കാതെ ഭക്ഷ്യ ധാന്യം കൊണ്ട് പോകുന്നതിനെതിരെ പ്രതിഷേധിച്ചതിൽ കരാറുകാരൻ പകപോക്കുകയാണെന്ന് യൂണിയനുകൾ പ്രതികരിച്ചു.
ഒരു ലോഡ് ഭക്ഷ്യ ധാന്യം കയറ്റുന്നതിന് 750 രൂപ അട്ടിക്കൂലിയും കാപ്പി കാശായി 250 രൂപയുമടക്കം 1000 രൂപ അധികമായി തൊഴിലാളികൾ വാങ്ങുന്നുവെന്നാണ് കരാറുകാരന്റെ ആരോപണം. കയറ്റിറക്കു നടത്താൻ എഫ്സിഐയുടെ വേതനത്തിനു പുറമേ കരാറുകാരിൽ നിന്നു തൊഴിലാളികൾ പിരിച്ചെടുക്കുന്ന തുകയാണ് അട്ടിക്കൂലി.
പട്ടാമ്പി താലൂക്കിൽ വിതരണം ചെയ്യാനുള്ള റേഷൻ ധാന്യങ്ങൾ സപ്ലൈകോ ഗോഡൗണിലേക്ക് വിതരണം ചെയ്യാൻ കരാർ എടുത്തിട്ടുള്ള പ്രവീണിനാണ് അട്ടിക്കൂലി നൽകാത്തതിനെ തുടർന്ന് മോശം അനുഭവം ഉണ്ടായത്. തന്റെ ലോറി ഡ്രൈവറെ തൊഴിലാളികൾ തടഞ്ഞ് മർദ്ദിച്ചുവെന്നും പ്രവീണ്‍ ആരോപിച്ചു.
അട്ടിക്കൂലി വാങ്ങരുതെന്ന കോടതി ഉത്തരവൊന്നും നിലവിലില്ലെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്. 1961 മുതൽ നിലവിലുള്ള സമ്പ്രദായമാണ് അട്ടിക്കൂലിയെന്നും സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ ഭാരവാഹികൾ വിശദീകരിച്ചു. 150 ഓളം ഓളം തൊഴിലാളികളാണ് തൃശ്ശൂർ എഫ്സിഐ ഗോഡൗണിൽ ജോലി ചെയ്യുന്നത്.