നിയമനത്തിന് കോഴ; കോഴിക്കോട്ട് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
|കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട്: നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൊടിയത്തൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
കോഴ ആവശ്യപ്പെടുന്നതായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഒരാഴ്ചമുന്‍പാണ് സംഭാഷണം പുറത്ത് വന്നത്. മറ്റൊരു പ്രാദേശിക നേതാവായ സണ്ണിയുമായാണ് ഫോണ്‍ സംഭാഷണം നടത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്നാണ് സണ്ണി ശബ്ദ സന്ദേശം പുറത്ത് വിട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് അന്വേഷണകമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരിമിനെ സസ്പെന്‍ഡ് ചെയ്തത്. ഫോണ്‍ സംഭാഷണം പുറത്ത് വിട്ട സണ്ണിയെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ നിയമനത്തിന് കോഴ വാങ്ങിയിട്ടില്ലെന്നാണ് പഞ്ചായത്ത് നല്കുന്ന വിശദീകരണം.കൃത്യമായ മാനദണ്ഡപ്രകാരം അഭിമുഖവും നടത്തിയാണ് നിയമനം നടത്തിയതെന്നും പഞ്ചായത്ത് പറയുന്നു.