Kerala
Bribery from Fraud Case Accused, Malappuram Crime Branch SI arrested
Kerala

വഞ്ചനാക്കേസ് പ്രതിയിൽ നിന്ന് കൈക്കൂലി; മലപ്പുറത്ത് ക്രൈംബ്രാഞ്ച് എസ്.ഐ അറസ്റ്റിൽ

Web Desk
|
31 Jan 2023 3:28 PM GMT

കോഴിക്കോട് നിന്നും വിജിലൻസ് എസ്.പി നേരിട്ടെത്തിയാണ് എസ്.ഐയെയും ഇടനിലക്കാരനേയും പിടികൂടിയത്.

മലപ്പുറം: കൈക്കൂലിക്കേസിൽ മലപ്പുറത്ത് എസ്.ഐ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കെ സുഹൈലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വഞ്ചനാ കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന മഞ്ചേരി സ്വദേശി ബഷീറിനേയും അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്നും വിജിലൻസ് എസ്.പി നേരിട്ടെത്തിയാണ് എസ്.ഐയെയും ഇടനിലക്കാരനേയും പിടികൂടിയത്. വഞ്ചനാ കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനായി കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തിയത്.

വഞ്ചനാക്കേസിലെ പ്രതി കഴിഞ്ഞയാഴ്ച എസ്.ഐയ്ക്ക് ഏറ്റവും പുതിയ മോഡൽ ഐ-ഫോൺ നൽകിയിരുന്നു. ഇതിനു പിന്നാലെ 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഇടനിലക്കാരൻ ഇയാളെ സമീപിച്ചു. ഇതോടെ ഇയാൾ വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

തുടർന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചതനുസരിച്ചാണ് കോഴിക്കോട് നിന്ന് വിജിലൻസ് എസ്.പി മലപ്പുറത്തെത്തി പ്രതികളെ പിടികൂടുന്നത്. ആദ്യം ഏജന്റായ ബഷീറിനെയാണ് പിടികൂടിയത്.

ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എസ്.ഐയായ സുഹൈലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് പേരെയും കോഴിക്കോടേക്ക് കൊണ്ടുപോയി. എസ്.ഐ അരീക്കോട് സ്വദേശിയാണ്.

Similar Posts