വധൂവരന്‍മാരുടെ തല കൂട്ടിയിടിപ്പിക്കുന്ന ആചാരം; സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം
|ഭര്‍തൃ ഗൃഹത്തില്‍ വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങെന്നാണ് പറയപ്പെടുന്നത്.
വിവാഹ ദിവസം വിവിധ ജാതി-മത വിഭാഗത്തിലുള്ളവര്‍ പല തരത്തിലുള്ള ആചാരങ്ങള്‍ പാലിക്കുന്നവരാണ്. അത്തരത്തില്‍ പാലക്കാട് പല്ലശനയില്‍ നടന്ന വിവാഹത്തിന് പിന്നാലെ നടന്ന ഒരു ആചാരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
വിവാഹശേഷം ഭര്‍തൃ ഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതാണ് ആചാരം. പാലക്കാട് പല്ലശനയിലെ കല്ല്യാണ വീട്ടില്‍ നിന്നുള്ള ഈ വ്യത്യസ്ത ആചാരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്.
വീഡിയോയില്‍ വരന്റെയും വധുവിന്റെയും തലകള്‍ തമ്മില്‍ വരന്റെ ബന്ധു കൂട്ടിയിടിപ്പിച്ചതിന് പിന്നാലെ വധു വേദനകൊണ്ട് തലയില്‍ കൈവെക്കുന്നത് കാണാം. ഭര്‍തൃ ഗൃഹത്തില്‍ വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങെന്നാണ് പറയപ്പെടുന്നത്.
എന്നാലിപ്പോള്‍ ഈ ചടങ്ങിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
'പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ പാടുള്ളുവത്രേ', 'എന്തൊരു പ്രാകൃതമായ ചടങ്ങാണിത്', 'മേല് നോവുന്ന ഒന്നും ആചാരമല്ല, അതിനെ പ്രോത്സാഹിപ്പിക്കരുത്' തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് സംഭവത്തിനെതിരെ ഉയരുന്നത്.
അതേസമയം, മുമ്പും ഇതുപോലുള്ള ആചാരങ്ങള്‍ നടന്നിട്ടുണ്ടെന്നും, സംഭവത്തിന് പിന്നാലെ വധു തലകറങ്ങി വീണിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.