വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ കേസെടുത്തു; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
|ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
പാലക്കാട്: പല്ലശ്ശനയിൽ വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തല കൂട്ടി മുട്ടിച്ച സുഭാഷിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു നേരത്തെ വധൂവരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും പൊലീസിന് കേസെടുക്കാൻ നിർദേശം നൽകിയിരുന്നു
എത്രയും പെട്ടെന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി. വിവാഹശേഷം വധു-വരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു സോഷ്യൽമീഡിയയിലും പുറത്തും ഏറെ വിവാദമായ ഈ സംഭവം അരങ്ങേറുന്നത്.
പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിയായ നവവധു സജ്ലയുടെയും തല തമ്മിൽ പിന്നിൽ നിന്ന അയൽവാസി കൂട്ടിമുട്ടിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ ഈ കൂട്ടിയിടിയിൽ വേദന കൊണ്ട് കരഞ്ഞാണ് സജ്ല സച്ചിന്റെ വീട്ടിലേക്ക് കയറിയതും.
വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകൾ തമ്മിൽ കൂട്ടിയിടിപ്പിക്കണമെന്നും അങ്ങനെ വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് പ്രവേശിക്കണമെന്നുളള ആചാരത്തെ തുടർന്നാണ് ഈ സംഭവമെന്നായിരുന്നു ഇതിനെ അനുകൂലിച്ചവർ പറഞ്ഞതും. എന്നാൽ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.