'ജ്വല്ലറി പരസ്യത്തില്‍ വധുവിന്‍റെ ചിത്രം ഒഴിവാക്കണം'; അഭ്യര്‍ത്ഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
|സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
കേരളത്തിലെ ആഭരണ നിര്‍മാതാക്കള്‍ വധുവിന്‍റെ ചിത്രമുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഭരണം ഒരിക്കലും വധുവുമായി ചേര്‍ത്തുവെക്കരുത്. ഇത്തരം പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുമെന്നും വധുവെന്നാല്‍ ആഭരണവിഭൂഷിതമാകണമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊല്ലത്തെ വിസ്മയയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണർ സ്ത്രീധനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ആഭരണ നിര്‍മാതാക്കള്‍ ആഭരണങ്ങളുടെ ഫോട്ടോയോ യുവതികളുടെയോ വീട്ടമ്മമാരുടെയോ അഭിനേതാക്കളുടെയോ ചിത്രങ്ങളോ ഉപയോഗിക്കട്ടെയെന്നും ഗവർണർ ആവശ്യപ്പെട്ടു. വിസ്മയയുടെ മരണം കേരള പൊതുമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആ പെണ്‍കുട്ടിയുടെ ത്യാഗത്തിന് നല്‍കിയ പ്രാര്‍ഥനയും പ്രതീക്ഷയും നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലര്‍മാര്‍ തന്നെയാണ് ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്:
സ്ത്രീധനത്തിനെതിരെ കേരള സര്‍ക്കാര്‍ വളരെ പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനെതിരെ ഓരോ ജില്ലകളിലും ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സത്യവാങ്മൂലം എഴുതി നല്‍കണമെന്ന തീരുമാനമെടുത്തു. ഇതൊന്നും ഈ വിപത്തിന്‍റെ പകുതിയെ പോലും കുറക്കുന്നില്ല. ഇതൊരു സാമൂഹ്യ വിപത്താണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് ഇതെല്ലാം നടക്കുന്നത്. ബോധവല്‍ക്കരണമില്ലാത്തത് കൊണ്ടൊന്നുമല്ല, ബോധവത്കരണം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തേണ്ടിയിരിക്കുന്നു. സ്ത്രീധനത്തിനെതിരെ പൊതുസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിന് കേരളത്തിന് തുടക്കമായിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. അത് ഞാനോ സര്‍ക്കാരോ കാരണമല്ല, പൊതുജനത്തിന് തന്നെയാണ് അതിന്‍റെ ക്രെഡിറ്റ്. നമ്മള്‍ അതിന് ചെറിയ തുടക്കം നല്‍കുകിയെന്നേയുള്ളൂ. കേരള ജനത ഞെട്ടിപ്പിക്കുന്ന രീതിയിലാണ് പ്രതികരിക്കുന്നത്. ഇതൊരു മൂവ്മെന്‍റ് പോലെയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മൂവ്മെന്‍റ് ഒരു പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് അവസാനിക്കേണ്ടതല്ല, ഇതിവിടെ തുടര്‍ച്ചയായി സംഭവിക്കേണ്ടതാണ്.
എനിക്ക് കേരളത്തിലെ ആഭരണ നിര്‍മാതാക്കളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. വധുവിന്‍റെ ഫോട്ടോ ദയവുചെയ്ത് നിങ്ങളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്. പരസ്യങ്ങളില്‍ സാധാരണ സ്ത്രീകളുടെ ഫോട്ടോ അവര്‍ ഉപയോഗിച്ചോട്ടെ...സ്ത്രീകള്‍ സ്വര്‍ണം ഇഷ്ടപ്പെടുന്നു, അതില്‍ കുഴപ്പമില്ല, പക്ഷെ വധുവിന്‍റെത് അങ്ങനെയല്ല. ആഭരണം ഒരിക്കലും വധുവുമായി ചേര്‍ത്തുവെക്കരുത്. ആഭരണം നല്ലതുതന്നെയാണ്, അതിലൊന്നും യാതൊരു പ്രശ്നവുമില്ല. അവര്‍ ആഭരണങ്ങളുടെ ഫോട്ടോയോ യുവതികളുടെയോ വീട്ടമ്മമാരുടെയോ അഭിനേതാക്കളുടെയോ ചിത്രങ്ങളോ ഉപയോഗിക്കട്ടെ. ഒരുപാട് ചിത്രങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാമല്ലോ. ദയവുചെയ്ത് വധുവിന്‍റെ ചിത്രം ആഭരണ പരസ്യത്തിന് ഉപയോഗിക്കരുത്. വധുവെന്നാല്‍ ആഭരണവിഭൂഷിതമാകണമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നതാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍. അതങ്ങനെയാകരുത്.