വ്യവസായാധിഷ്ഠിത വിദ്യാഭ്യാസം; ബി-ടെക് കരിക്കുലം പരിഷ്കരിച്ച് സാങ്കേതിക സർവകലാശാല
|പഠനം കഴിയുന്നതിന് ഒപ്പം ജോലിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് പുതിയ രീതി പരീക്ഷിക്കുന്നത്
തിരുവനന്തപുരം: വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ബി-ടെക് കരിക്കുലം പരിഷ്കരിച്ച് സാങ്കേതിക സർവകലാശാല. 7, 8 സെമസ്റ്ററുകളിലെ കരിക്കുലം ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനവുമായി ചേർന്ന് കോളജുകൾക്ക് സ്വയം തയ്യാറാക്കാം. കരിക്കുലം പരിഷ്കരണത്തിനായി തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെയുള്ള രീതികൾ എല്ലാം പൊളിച്ചെഴുതി കൊണ്ടാണ് വരുന്ന അക്കാദമിക വർഷത്തേക്കുള്ള ബിടെക് പാഠ്യപദ്ധതി തയ്യാറാക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ഒരേ പഠനരീതി എന്ന സമ്പ്രദായം ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം.അവസാന രണ്ട് സെമസ്റ്ററുകളിലെ പഠനം വ്യവസായസ്ഥാപനങ്ങളുമായി കൈകോർത്താകും മുന്നോട്ടുപോവുക. ഈ സെമസ്റ്ററുകളിലെ സിലബസ് തയ്യാറാക്കുന്നതിനും കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കും. പഠനം കഴിയുന്നതിന് ഒപ്പം ജോലിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് പുതിയ രീതി പരീക്ഷിക്കുന്നത്.
ഇൻ്റേൺഷിപ്പിനും സ്വയപഠനത്തിനും പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും. നേരത്തെ അവസാന സെമസ്റ്ററിലെ ചുരുക്കം ദിനങ്ങളിൽ മാത്രമായിരുന്ന ഇൻ്റേൺഷിപ്പിന് വേണ്ടി ഇനി ഒരു സെമസ്റ്റർ പൂർണമായി മാറ്റിവയ്ക്കും. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തിപരിചയം വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുമെന്നാണ് സർവകലാശാല കണക്കുകൂട്ടുന്നത്. വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചികനുസരിച്ചുള്ള ഓൺലൈൻ കോഴ്സുകൾ പഠിച്ച് ക്രെഡിറ്റ് ഉയർത്താം. ഇന്നലെ കരിക്കുലം പരിഷ്കരണം ചർച്ച ചെയ്യാൻ വേണ്ടി മാത്രം സർവകലാശാലയിൽ സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ബോർഡ് ഓഫ് ഗവർണർ സിനിമ യ്ക്ക് വെച്ച ശേഷമാകും അന്തിമ പാഠ്യപദ്ധതി തയ്യാറാക്കുക.