സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്: എം.എ യൂസുഫലി
|50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് യൂസുഫലി പറഞ്ഞു.
തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റായാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ കാണുന്നതെന്ന് വ്യവസായി എം.എ യൂസുഫലി. കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കുന്നത്. 50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ഉയരുമെന്നും യുസുഫലി പറഞ്ഞു.
ഭക്ഷ്യസുരക്ഷയാണ് കാർഷിക മേഖലക്കും സമൂഹത്തിനും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. പ്രാഥമികമായി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയിൽ ദേശിയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്‌സിങ് കോളജുകൾ തുടങ്ങിയ മേഖലകളിൽ ബജറ്റ് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. ബജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യൂസുഫലി പ്രസ്താവനയിൽ പറഞ്ഞു.