Kerala
ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റ്: വീണാ ജോർജ്
Kerala

ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റ്: വീണാ ജോർജ്

Web Desk
|
11 March 2022 12:02 PM GMT

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്

ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തെക്കാൾ 288 കോടി രൂപ അധികമായി അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണൽ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

. 2022-23ൽ സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് ക്യാൻസർ സ്ട്രാറ്റജി അവതരിപ്പിക്കും. കാൻസർ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നൽകുന്നതിനും ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.

. കാൻസർ കെയർ സ്യൂട്ട് എന്ന പേരിൽ കാൻസർ രോഗികളുടെയും ബോൺമാരോ ഡോണർമാരുടെയും വിവരങ്ങളും സമഗ്ര കാൻസർ നിയന്ത്രണ തന്ത്രങ്ങളും ഉൾപ്പെടുത്തിയ സോഫ്റ്റ് വെയർ വികസിപ്പിക്കും.

. തിരുവനന്തപുരം ആർസിസിക്ക് 81 കോടി രൂപ വകയിരുത്തി. ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും.

. കൊച്ചി കാൻസർ റിസർച്ച് സെന്ററിനെ ഒരു അപ്പെക്സ് സെന്ററായി വികസിപ്പിക്കും. 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കും.

. മലബാർ കാൻസർ സെന്ററിന് 28 കോടി അനുവദിച്ചു.

. സാന്ത്വന പരിചരണത്തിന് നൂതന കോഴ്സുകൾ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകൾക്കായി 5 കോടി അനുവദിച്ചു.

. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക പൂർണമായും വഹിക്കുന്ന ചിസ് സ്‌കീമിൽ ഉൾപ്പെട്ട 19.56 ലക്ഷം കുടുംബങ്ങൾ അടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

. സംസ്ഥാന മെഡിക്കൽ കോളേജുകളുടേയും തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ വകയിരുത്തി.

. കേരള ഡിജിറ്റൽ ഹെൽത്ത് മിഷനായി 30 കോടി അനുവദിച്ചു. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വൺ സിറ്റിസൺ വൺ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.

. കോവിഡാനന്തര പഠനങ്ങൾക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി 5 കോടി.

. അരിവാൾ രോഗികളുടെ കുടുംബങ്ങൾക്ക് ജീവിത വരുമാനം വർധിപ്പിക്കുന്ന പ്രവർത്തികൾക്ക് ഒറ്റത്തവണ ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിയ്ക്ക് 3.78 കോടി അനുവദിച്ചു.

. മെഡിക്കൽ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു കൺസോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും.

. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്പ്പാദന ക്ഷമത മെച്ചപ്പെടുത്തൽ, മെഡിക്കൽ, കാർഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവിൽ കേരള ജനോമിക് ഡേറ്റാ സെന്റർ.

. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കൽസിൽ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഡിപിആർ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.

. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ന്യൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കി വാക്സിനുകൾ വികസിപ്പിക്കൽ മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കൽ എന്നിവയ്ക്ക് 50 കോടി അനുവദിച്ചു.

വനിത ശിശുവികസന വകുപ്പ്

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 2022-23ൽ ജെൻഡർ ബജറ്റിനായുള്ള അടങ്കൽ തുക 4665.20 കോടി രൂപയായി വർധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90 ശതമാനമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്‌കീമുകൾ ആരംഭിക്കുന്നതാണെന്ന് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

. 6 ജില്ലകളിലെ പ്രളയത്തിൽ തകർന്ന 29 അങ്കണവാടികളുടെ പുനരുദ്ധാരണം നടക്കുന്നു.

. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രതിമാസം 2000 രൂപ നിരക്കിൽ 18 മാസക്കാലം സാമ്പത്തിക സഹായം നൽകുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്ക് 16.5 കോടി അനുവദിച്ചു.

. അട്ടപ്പാടി മേഖലയിലെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ കുറവ് പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയ്ക്ക് 25 കോടി വകയിരുത്തി.

. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള നിർഭയ പ്രവർത്തനങ്ങൾക്ക് 9 കോടിയും ലിംഗ അവബോധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടിയും ഉൾപ്പെടെ 24 കോടി അനുവദിച്ചു.

. ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി വകയിരുത്തി.

. അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തി. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉൾപ്പെടുത്തും. ഇതിനായി 61.5 കോടി രൂപ വകയിരുത്തി.

. സംയോജിത ശിശുവികസന പദ്ധതിയ്ക്കായി 188 കോടി രൂപ അനുവദിച്ചു.

. കോവിഡ് മഹാമാരി മൂലം മാതാപിതാക്കളിലൊരാളോ രണ്ടുപേരോ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്നതിന് 2 കോടി രൂപ വകയിരുത്തി.

. ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കുന്നതിന് 1.30 കോടി അനുവദിച്ചു.

Similar Posts