'ബജറ്റ് കേരളത്തിന്റെ സർവമേഖലയും സ്പർശിക്കുന്നത്'; ഇ.പി. ജയരാജൻ
|കേന്ദ്രം കേരളത്തോട് കാണിക്കുന്ന പ്രതികാര മനോഭാവത്തിന്റെ ഭാഗമായി കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തെ ബജറ്റ് ആണിതെന്നും പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു
തിരുവനന്തപുരം: 2024-25 ബജറ്റ് കേരളത്തിന്റെ സർവ മേഖലയും സ്പർശിക്കുന്നതാണെന്ന് ഇ.പി. ജയരാജൻ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന പ്രതികാര മനോഭാവത്തിന്റെ ഭാഗമായി കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തെ ബജറ്റ് ആണിതെന്നും പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ജനങ്ങളുടെ മേൽ ബാധ്യതകൾ അടിച്ചേൽപ്പിക്കാത്ത ബജറ്റാണെന്നും റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചെന്നും ഇത് തികച്ചും ആശ്വാസകരമായ നടപടിയാണെന്നും പറഞ്ഞ അദ്ദേഹം ലൈഫ് മിഷന് വേണ്ടി കരുതലോടുകൂടി പണം നീക്കി വച്ചിരിക്കുന്നെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുടക്കം വരാതെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികളും ബജറ്റിൽ മുന്നോട്ടുവച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റിൽ മുഴുവനും ഒരു വികസന കാഴ്ചപ്പാട് കാണാമെന്നും ഓരോ മേഖലയും സമഗ്രമായി പഠിച്ച് ശക്തിപ്പെടുത്താനുള്ള സമഗ്ര ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചതെന്നും കൃഷിക്കാർക്കും ജനങ്ങൾക്കുമെല്ലാം ഇത് വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ മലയാളികൾ ജന്മനാട്ടിൽ വികസന പ്രവർത്തനങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ അത് തള്ളിക്കളയുന്നതെന്തിന് ചോദിച്ച അദ്ദേഹം കേരള വികസനത്തിന് ഗുണകരമായ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് എന്താണ് തെറ്റെന്നും ചോദിച്ചു.
അധാനിയുടെ നടത്തിപ്പിന് കീഴിലുള്ള വിഴിഞ്ഞം പോർട്ട് കാലോചിതമായ ഒരു നിലപാടാണെന്നും ഇതിനെ തെറ്റായ തരത്തിൽ വ്യാഖ്യാനിച്ച് വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.