'കണമലയിൽ കാട്ടുപോത്തിന് വെടിയേറ്റെന്നത് കഥ'; വനംവകുപ്പിനെ തള്ളി കാഞ്ഞിരപ്പള്ളി രൂപത
|പോത്തിനെ വേട്ടയാടിയെന്ന വാദം, വിഷയം വഴിതിരിച്ച് വിടാനുള്ള നീക്കമെന്നാണ് രൂപതയും നാട്ടുകാരും പറയുന്നത്
കോട്ടയം: കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുസംഘത്തിന്റെ വെടിയേറ്റിരുന്നെന്ന വനംവകുപ്പിന്റെ വാദം കാഞ്ഞിരപ്പള്ളി രൂപതയും നാട്ടുകാരും തള്ളി. കാട്ടുപോത്ത് ആക്രമണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നായാട്ടുസംഘം വേട്ടയാടിയെന്ന വനംവകുപ്പിന്റെ വാദം.
പോത്തിനെ വെടിവെച്ചവരെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കൊലപാതക പ്രേരണ കുറ്റം ചുമത്തുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ പോത്തിനെ വേട്ടയാടിയെന്ന വാദം, വിഷയം വഴിതിരിച്ച് വിടാനുള്ള നീക്കമെന്നാണ് കാഞ്ഞിരപ്പള്ളി രൂപതയും നാട്ടുകാരും പറയുന്നത്.
അതേസമയം, വിഷയത്തിൽ വനം മന്ത്രിക്കും സർക്കാരിനും വ്യക്തതയില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാട്ടുപോത്ത് ആക്രമണത്തിൽ കണമലയിൽ പ്രതിഷേധം ശക്തമാണ്. എരുമേലിയിലെ വനം വകുപ്പ് റേഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം കണമലയിലെ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.