Kerala
Building Permit Fee Waiver: Retroactive from April 10, latest news malayalam കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവ്: ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യത്തിൽ
Kerala

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവ്: ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യത്തിൽ

Web Desk
|
24 July 2024 4:21 PM GMT

കൂടുതലായി ഈടാക്കിയ തുക തിരിച്ചു നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവ് മുൻകാല പ്രാബല്യത്തോടെയെന്ന് മന്ത്രി എം.ബി രാജേഷ്. പുതിയ നിരക്കിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടാകും. കൂടുതലായി ഈടാക്കിയ തുക തിരിച്ചു നൽകും. തിരിച്ചു നൽകാൻ കെ. സ്മാർട്ട് വഴിയും ഐ.എൽ.ജി.എം.എസ് വഴിയും ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറ‍ഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകുമെന്നും അദ്ദേ​​ഹം വ്യക്തമാക്കി.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി ഇന്ന് രാവിലെയാണ് മന്ത്രി അറിയിച്ചത്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരുമെന്നാണ് മന്ത്രി രാവിലെ അറിയിച്ചത്.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ 1ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു അന്ന്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണെന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്നും മന്ത്രി അറിയിച്ചു.

Similar Posts