മണ്ണെണ്ണക്ക് പൊള്ളുന്ന വില; പ്രതിസന്ധിയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
|മാസങ്ങളായി സബ്സിഡി ലഭിക്കാത്തതും തൊഴിലാളികളുടെ ദുരിതം ഇരട്ടിയാക്കി
മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ പ്രതിസന്ധിയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ലിറ്റിന് 124 രൂപ നൽകിയാണ് മണ്ണെണ്ണ വാങ്ങുന്നത്. മാസങ്ങളായി സബ്സിഡി ലഭിക്കാത്തതും തൊഴിലാളികളുടെ ദുരിതം ഇരട്ടിയാക്കി.
മത്സ്യലഭ്യത കുറഞ്ഞതിന് ഒപ്പം മണ്ണെണ്ണ വില ഉയർന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. 104.42 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റ ദിവസം കൊണ്ട് കൂടിയത് 18.67 രൂപയാണ്. ആദ്യമായാണ് വില ഇത്രയും ഉയരുന്നത്. മണ്ണെണ്ണയ്ക്ക് 50 രൂപ ആയിരുന്ന 2014 പ്രഖ്യാപിച്ച 25 രൂപ സബ്സിഡിയാണ് ഇപ്പോഴും നൽകുന്നത്. ഒരു വള്ളത്തിന് മാസം 1500 ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമുള്ളപ്പോൾ 190 ലിറ്റർ മാത്രമാണ് സബ്സിഡി ഇനത്തിൽ ലഭിക്കുക. സിവിൽ സപ്ലൈസ് മുഖേന ലഭിച്ചിരുന്ന നീല മണ്ണെണ്ണ ലഭിക്കാതായിട്ട് മൂന്ന് മാസം പിന്നിടുകയും ചെയ്തു. കരിഞ്ചന്തയിൽ നിന്നും അമിത വിലയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് പലരും കടലിൽ പോകുന്നത്.
അശാസ്ത്രിയ മത്സ്യബന്ധന രീതി മത്സ്യസമ്പത്ത് വലിയ രീതിയിൽ കുറച്ചു. വരവും ചെലവും തമ്മിൽ യാതൊരു രീതിയിലും ഒക്കാത്ത സാഹചര്യമാണ് ഉള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തൊഴിലാളികൾ ഇന്ന് പണിമുടക്കുകയാണ്.