ചുട്ടു പൊള്ളുന്നു; പത്തനംതിട്ടയില്‍ വേനല്‍ച്ചൂട് 40 ഡിഗ്രി കടന്നു
|ജില്ലയിലെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണിത്. കടമ്മനിട്ട വാഴക്കുന്നത്താണ് 40.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പത്തനംതിട്ട ജില്ലയിൽ താപനില 40 ഡിഗ്രി കടന്നു. ജില്ലയിലെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണിത്. കടമ്മനിട്ട വാഴക്കുന്നത്താണ് 40.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും താപനിലയിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതൽ ചൂട് ഉയരില്ലെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.
പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് ഒറ്റയടിക്ക് നാല് ഡിഗ്രി വരെ വർധിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാർച്ച് ആദ്യവാരമെത്തിയത്. 37 ഡിഗ്രിക്ക് മുകളിൽ ചൂട് തുടർന്നാൽ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലാകും. കൂടുതൽ ദിവസം കനത്ത ചൂട് നിലനിന്നാൽ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.